Tuesday 4 November 2014

                                        മരണ മൊഴി 



കരിനീല ജനലഴികളിലൂടെ ചിതറിയ മഴ എന്റെ ഉറക്കച്ചടവുകളെ അകറ്റി. നിദ്രയുടെ മഹാലോകത്ത് ലക്ഷ്യമില്ലാതെ പായുന്ന സ്വപ്‌നങ്ങൾ. യാഥാർത്ഥ്യത്തോട്‌  പൊരുത്ത പ്പെടുന്നവയും  ബോധ തലം തീണ്ടാതവയും.

ഓരോ മനുഷ്യ ജന്മങ്ങൾക്കും  ഒന്നിലേറെ ലക്ഷ്യങ്ങൾ ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. അവയെ തിരിച്ചറിയുന്നതിലാണ് ജന്മത്തിന്റെ സുകൃതം ലയിച്ചിരിക്കുന്നത്. അത്  പലരീതിയിൽ ബന്ധപ്പെട്ടുകിടക്കുന്നു. ജീവിതമെന്നാൽ കോർപ്പറേറ്റ് ചിന്തകളും ആഡംബരവും മാത്രമാണെന്ന് വിശ്വസിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മേൽപറഞ്ഞവയെല്ലാം രണ്ടക്ഷരത്തിൽ ഒതുങ്ങുന്ന വികാരം മാത്രം.. "പുച്ഛം"! 

                                                     ഒഴുകിയെത്തിയ ജലകണങ്ങൾ ആ ഇരുണ്ട കമ്പികളിലൂടെ പിന്നോട്ട് ചലിക്കുന്നു. അവ സ്മരണകളുടെ പ്രതിനിധിയായി. ദേഹം ആകെ നനഞ്ഞിരിക്കുന്നു. പക്ഷെ ജനാല താഴ്ത്തുവാൻ മനസ്സ് അനുവദിക്കുന്നില്ല. ട്രെയിൻ  അതിന്റെ പൂർണ വേഗതയിലേക്ക് പ്രവേശിക്കുന്നു. വലതുകൈ പതുക്കെ ഞാൻ പുറത്തേക്കു നീട്ടി. വരണ്ട കയ്കൾക്ക്  പ്രകൃതി നനവേകി .പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.. കണ്ണുകൾ  പാതിയടഞ്ഞു. ശാന്തിയും സമാധാനവും , പ്രകൃതിയും പ്രണയവും...അങ്ങനെ..കൈവെള്ളയിൽ പതിച്ച ഓരോ കണങ്ങളും കാലമെടുത്ത നരച്ച  അനുഭവങ്ങൾ.കൈവെള്ളയിൽ ഒഴുകിയറങ്ങിയ നീർകണങ്ങൾക്ക്മേൽ കാറ്റ് സമ്മർദം ചെലുത്തുന്നു. സ്വാഭാവികതയെ മറികടന്നു, അവ സ്വയം നഷ്ടപെടുത്തി. ഇത് തന്നെയല്ലേ ഇക്കാലമത്രെയും എനിക്കും സംഭവിച്ചത്... എന്നിട്ട് നേടിയതോ...?

ഇല്ല. എൻറെ  വ്യക്തിത്വം ഇതല്ല.  കുടുംബ മഹിമയുടെയും സമൂഹത്തിന്റെയും വേച്ചുകെട്ടലുകൾക്കു ബലം പകരാൻ ബലികഴിച്ചത്  സ്വന്തം സത്വത്തെ. കവിതകൾ, കഥകൾ, മോഹങ്ങൾ, മഴ,മണ്ണ്,വെയിൽ , സൌഹൃദങ്ങൾ , പാട്ടുകൾ, പുഴകൾ, പുസ്തകങ്ങൾ , അങ്ങനെ എന്തെല്ലാം ..

ഇരുളിന്റെ നിഗൂഡതയിലേക്ക് പറിച്ചെറിഞ്ഞവയിൽ  കനവിൻറെ ഇതളായി ഞാൻ പടർത്തിയ  ഒരു പ്രണയവും ഉണ്ടായിരുന്നു.ഇടറിയ കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ആ പാദങ്ങളിൽ  ഉരുകിവീണലിയുവാനുള്ള  അര്ഹതയെങ്കിലും നേടിയിരുന്നെങ്കിൽ..!!


കാലങ്ങളായി സ്വയം ദയാവധം ചെയ്തിരുന്ന ഗൃഹാതുരതകൾ ഒന്നൊന്നായി ഉണർന്നിരികുന്നു.. തടഞ്ഞു നിർത്താനോ , വഴിതിരിക്കാനോ  സാധിക്കുന്നില്ല. സാധ്യമല്ല എന്നറിഞ്ഞിട്ടും ഒരു തിരിച്ചു പോക്ക് വല്ലാതെ ആഗ്രഹിക്കുന്നു...

ഇതിൽപരം  എന്തു  പ്രായശ്ചിത്തം ..
                                                     വൈകിട്ട് ആറു  മണി കഴിഞ്ഞതെയുള്ളൂ എങ്കിലും വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഈ മൂടിക്കെട്ട്   മനസ്സിലെ നീർചാലുകളെ  വല്ലാതെ ത്വരിതപെടുതുന്നു... ജീവിതത്തിൻറെ അർഥം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു...എല്ലാം വെറും പൊള്ളയായ ആർഭാടം  മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി. ഞാൻ എന്നെത്തന്നെ ഒരു പ്രദർശന  വസ്തുവാക്കി, ഒരു കോമാളിയായി തീർന്നിരിക്കുന്നു . ചീറിപായുന്ന ട്രെയിനിന്റെ പടിവാതിൽക്കൽ  നിൽകുമ്പോൾ.. പിന്നിലേക്ക്‌ ഓടിമറയുന്നതെല്ലാം  ഞാൻ തന്നെയല്ലേ? മനസ്സ് കൈവിട്ട ശരീരത്തെ കാലം പുറത്തേക്കു വലിക്കുന്നത് പോലെ... ഞാൻ പതുക്കെ, തുരുമ്പിച്ച ആ ഇരുമ്പ് കമ്പികളിൽ പിടിച്ചു,  പുറത്തേക്കു ചാഞ്ഞു...തണുത്ത കാറ്റ് മുഖം തലോടി...മുടിയിഴകളിലൂടെ കടന്നു പോയി... അത് ബാല്യത്തിൽ നഷ്ടപെട്ട അമ്മയുടെയും..കൌമാരത്തിൽ പറിച്ചെറിഞ്ഞ കാമുകിയുടെയും  കരലാളനങ്ങളാണെന്ന് തോന്നി. എന്തായാലും ആ അനുഭൂതി ഒരുനിമിഷമെങ്കിലും തിരിച്ചു കിട്ടിയല്ലോ...!

താഴെ മയ്യഴി... കാതടപ്പിക്കുന്ന വണ്ടിയുടെ ശബ്ദം ഒരു നിമിഷം ഞാൻ മറന്നു... ഉപബോധ തലങ്ങളും മനസ്സും ശരീരത്തിൽ  നിന്നും പിൻവാങ്ങി.. കൈകളുടെ ബലം  താനേ കുറഞ്ഞതുപോലെ... ആർത്തലക്കുന്ന  മഴയിൽ കൈകളുടെ  ആകെ നനഞ്ഞിരിക്കുന്നു... മൂന്നു മുങ്ങി സ്വയം ബലികഴിച്ചതു  പോലെ.. ഇരുകയ്കളെയും കാൽകളേയും  ഞാൻ സ്വതന്ത്രമാക്കി.. ഇടയ്ക്കെപ്പോഴോ വീണ്ടും ഒരു തിരിച്ചുപോക്ക് ആഗ്രഹിച്ചു...പക്ഷെ യാഥാർത്ഥ്യം അനുവദിച്ചില്ല. സ്നേഹിച്ചതും ഉപേക്ഷിച്ചതും ആയ അനേകം മുഖങ്ങൾ തിരമാലകൾ പോലെ മനസ്സിൽ  അലയടിക്കുന്നു,.. ശൂന്യതയിലേക്ക് പ്രവേശിക്കുന്നു... മയ്യഴിയുടെ ആഴങ്ങളിലേക്ക്... ആഗ്രഹങ്ങൾകും  അതിലുപരി ആസക്തികൾക്കും  മേൽ  പടുത്തുയർത്തിയതെല്ലാം ....  

മയ്യഴിയുടെ ആഴങ്ങളിലേക്ക്...!




                                                                                            - സഹയാത്രികൻ -


1 comment: