Tuesday 4 November 2014

                                        മരണ മൊഴി 



കരിനീല ജനലഴികളിലൂടെ ചിതറിയ മഴ എന്റെ ഉറക്കച്ചടവുകളെ അകറ്റി. നിദ്രയുടെ മഹാലോകത്ത് ലക്ഷ്യമില്ലാതെ പായുന്ന സ്വപ്‌നങ്ങൾ. യാഥാർത്ഥ്യത്തോട്‌  പൊരുത്ത പ്പെടുന്നവയും  ബോധ തലം തീണ്ടാതവയും.

ഓരോ മനുഷ്യ ജന്മങ്ങൾക്കും  ഒന്നിലേറെ ലക്ഷ്യങ്ങൾ ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. അവയെ തിരിച്ചറിയുന്നതിലാണ് ജന്മത്തിന്റെ സുകൃതം ലയിച്ചിരിക്കുന്നത്. അത്  പലരീതിയിൽ ബന്ധപ്പെട്ടുകിടക്കുന്നു. ജീവിതമെന്നാൽ കോർപ്പറേറ്റ് ചിന്തകളും ആഡംബരവും മാത്രമാണെന്ന് വിശ്വസിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മേൽപറഞ്ഞവയെല്ലാം രണ്ടക്ഷരത്തിൽ ഒതുങ്ങുന്ന വികാരം മാത്രം.. "പുച്ഛം"! 

                                                     ഒഴുകിയെത്തിയ ജലകണങ്ങൾ ആ ഇരുണ്ട കമ്പികളിലൂടെ പിന്നോട്ട് ചലിക്കുന്നു. അവ സ്മരണകളുടെ പ്രതിനിധിയായി. ദേഹം ആകെ നനഞ്ഞിരിക്കുന്നു. പക്ഷെ ജനാല താഴ്ത്തുവാൻ മനസ്സ് അനുവദിക്കുന്നില്ല. ട്രെയിൻ  അതിന്റെ പൂർണ വേഗതയിലേക്ക് പ്രവേശിക്കുന്നു. വലതുകൈ പതുക്കെ ഞാൻ പുറത്തേക്കു നീട്ടി. വരണ്ട കയ്കൾക്ക്  പ്രകൃതി നനവേകി .പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.. കണ്ണുകൾ  പാതിയടഞ്ഞു. ശാന്തിയും സമാധാനവും , പ്രകൃതിയും പ്രണയവും...അങ്ങനെ..കൈവെള്ളയിൽ പതിച്ച ഓരോ കണങ്ങളും കാലമെടുത്ത നരച്ച  അനുഭവങ്ങൾ.കൈവെള്ളയിൽ ഒഴുകിയറങ്ങിയ നീർകണങ്ങൾക്ക്മേൽ കാറ്റ് സമ്മർദം ചെലുത്തുന്നു. സ്വാഭാവികതയെ മറികടന്നു, അവ സ്വയം നഷ്ടപെടുത്തി. ഇത് തന്നെയല്ലേ ഇക്കാലമത്രെയും എനിക്കും സംഭവിച്ചത്... എന്നിട്ട് നേടിയതോ...?

ഇല്ല. എൻറെ  വ്യക്തിത്വം ഇതല്ല.  കുടുംബ മഹിമയുടെയും സമൂഹത്തിന്റെയും വേച്ചുകെട്ടലുകൾക്കു ബലം പകരാൻ ബലികഴിച്ചത്  സ്വന്തം സത്വത്തെ. കവിതകൾ, കഥകൾ, മോഹങ്ങൾ, മഴ,മണ്ണ്,വെയിൽ , സൌഹൃദങ്ങൾ , പാട്ടുകൾ, പുഴകൾ, പുസ്തകങ്ങൾ , അങ്ങനെ എന്തെല്ലാം ..

ഇരുളിന്റെ നിഗൂഡതയിലേക്ക് പറിച്ചെറിഞ്ഞവയിൽ  കനവിൻറെ ഇതളായി ഞാൻ പടർത്തിയ  ഒരു പ്രണയവും ഉണ്ടായിരുന്നു.ഇടറിയ കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ആ പാദങ്ങളിൽ  ഉരുകിവീണലിയുവാനുള്ള  അര്ഹതയെങ്കിലും നേടിയിരുന്നെങ്കിൽ..!!


കാലങ്ങളായി സ്വയം ദയാവധം ചെയ്തിരുന്ന ഗൃഹാതുരതകൾ ഒന്നൊന്നായി ഉണർന്നിരികുന്നു.. തടഞ്ഞു നിർത്താനോ , വഴിതിരിക്കാനോ  സാധിക്കുന്നില്ല. സാധ്യമല്ല എന്നറിഞ്ഞിട്ടും ഒരു തിരിച്ചു പോക്ക് വല്ലാതെ ആഗ്രഹിക്കുന്നു...

ഇതിൽപരം  എന്തു  പ്രായശ്ചിത്തം ..
                                                     വൈകിട്ട് ആറു  മണി കഴിഞ്ഞതെയുള്ളൂ എങ്കിലും വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഈ മൂടിക്കെട്ട്   മനസ്സിലെ നീർചാലുകളെ  വല്ലാതെ ത്വരിതപെടുതുന്നു... ജീവിതത്തിൻറെ അർഥം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു...എല്ലാം വെറും പൊള്ളയായ ആർഭാടം  മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി. ഞാൻ എന്നെത്തന്നെ ഒരു പ്രദർശന  വസ്തുവാക്കി, ഒരു കോമാളിയായി തീർന്നിരിക്കുന്നു . ചീറിപായുന്ന ട്രെയിനിന്റെ പടിവാതിൽക്കൽ  നിൽകുമ്പോൾ.. പിന്നിലേക്ക്‌ ഓടിമറയുന്നതെല്ലാം  ഞാൻ തന്നെയല്ലേ? മനസ്സ് കൈവിട്ട ശരീരത്തെ കാലം പുറത്തേക്കു വലിക്കുന്നത് പോലെ... ഞാൻ പതുക്കെ, തുരുമ്പിച്ച ആ ഇരുമ്പ് കമ്പികളിൽ പിടിച്ചു,  പുറത്തേക്കു ചാഞ്ഞു...തണുത്ത കാറ്റ് മുഖം തലോടി...മുടിയിഴകളിലൂടെ കടന്നു പോയി... അത് ബാല്യത്തിൽ നഷ്ടപെട്ട അമ്മയുടെയും..കൌമാരത്തിൽ പറിച്ചെറിഞ്ഞ കാമുകിയുടെയും  കരലാളനങ്ങളാണെന്ന് തോന്നി. എന്തായാലും ആ അനുഭൂതി ഒരുനിമിഷമെങ്കിലും തിരിച്ചു കിട്ടിയല്ലോ...!

താഴെ മയ്യഴി... കാതടപ്പിക്കുന്ന വണ്ടിയുടെ ശബ്ദം ഒരു നിമിഷം ഞാൻ മറന്നു... ഉപബോധ തലങ്ങളും മനസ്സും ശരീരത്തിൽ  നിന്നും പിൻവാങ്ങി.. കൈകളുടെ ബലം  താനേ കുറഞ്ഞതുപോലെ... ആർത്തലക്കുന്ന  മഴയിൽ കൈകളുടെ  ആകെ നനഞ്ഞിരിക്കുന്നു... മൂന്നു മുങ്ങി സ്വയം ബലികഴിച്ചതു  പോലെ.. ഇരുകയ്കളെയും കാൽകളേയും  ഞാൻ സ്വതന്ത്രമാക്കി.. ഇടയ്ക്കെപ്പോഴോ വീണ്ടും ഒരു തിരിച്ചുപോക്ക് ആഗ്രഹിച്ചു...പക്ഷെ യാഥാർത്ഥ്യം അനുവദിച്ചില്ല. സ്നേഹിച്ചതും ഉപേക്ഷിച്ചതും ആയ അനേകം മുഖങ്ങൾ തിരമാലകൾ പോലെ മനസ്സിൽ  അലയടിക്കുന്നു,.. ശൂന്യതയിലേക്ക് പ്രവേശിക്കുന്നു... മയ്യഴിയുടെ ആഴങ്ങളിലേക്ക്... ആഗ്രഹങ്ങൾകും  അതിലുപരി ആസക്തികൾക്കും  മേൽ  പടുത്തുയർത്തിയതെല്ലാം ....  

മയ്യഴിയുടെ ആഴങ്ങളിലേക്ക്...!




                                                                                            - സഹയാത്രികൻ -


Friday 2 August 2013

അതിർത്തിക്കിപ്പുറം 
   പായുന്ന തീനാളങ്ങള്‍ക്ക് മുന്നില്‍ വീറോടെ, വാശിയോടെ മനസ്സില്‍ പിറന്നു വീണ മണ്ണിനെ മാത്രം പ്രതിഷ്ടിച്ചു മുന്നേറിയ നിമിഷങ്ങള്‍.......... . കൂട്ടുകാരില്‍ പലരും മരിച്ചു വീണു, കയ്കളും കാല്‍കളും നഷ്ടപ്പെട്ട് ചിലര്‍., കൂട്ടത്തില്‍ പണ്ടെങ്ങോ വര്‍ഗീയത പറിച്ചു മാറ്റി നട്ട പാക്‌ സഹോദരങ്ങള്‍. , തളര്‍ന്നില്ല ,ഭാരതത്തിന്‍റെ നൂറിലേറെ കോടി ജനങ്ങള്‍ മനസ്സിന് കടുപ്പവും, മേനിക്കു ഊര്‍ജവും നല്‍കി. ഇടറിയ കാലുകളുമായി പാഞ്ഞു കയറി.വെടിക്കോപ്പുകളുടെ കാതടപ്പിക്കുന്ന ശബ്ദം ഞാന്‍ അറിഞ്ഞതില്ല. ഇടക്കെപ്പോഴോ നെഞ്ചിനുള്ളില്‍ തുളഞ്ഞു കയറിയ വെടിയുണ്ടകള്‍... എവിടെയൊക്കെയോ നീറ്റലുകള്‍ മാത്രം.ബോധം നഷ്ടപ്പെട്ടിരിക്കുന്നു. കാഴ്ച മങ്ങി തുടങ്ങി..കരഞ്ഞില്ല ഞാന്‍,.പകരം മുറിവേറ്റ ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. മേരാ ഭാരത് മഹാന്‍............ .. .എനിക്ക് മുന്‍പേ പാഞ്ഞവരില്‍ ചിലര്‍ തിരിഞ്ഞു നോക്കി. എന്‍റെ വീഴ്ച അവര്‍ക്ക് ഊര്‍ജം നല്‍കി. മരണത്തിനും വിജയത്തിനും ഇടയിലെ നിമിഷങ്ങള്‍ ഇനി അവര്‍ക്ക് സ്വന്തം. കുടുംബത്തിനു വേണ്ടി കരുതി വച്ചിരുന്നതെല്ലാം , ഈ നിമിഷം അമ്മയ്ക്കുവേണ്ടി ബലികഴിക്കുന്നു. ഒടുവില്‍ ത്രിവര്‍ണ പതാകയില്‍ പുതച്ചു കിടത്തിയ എനിക്കരുകില്‍ ഏവരും കരയാതെ നിന്നു .. അമ്മയുടെ തേങ്ങല്‍ മാത്രം. എനിക്കറിയാം, ആ തേങ്ങലില്‍ എണ്ണമറ്റാത്ത അമ്മമാരുടെ പ്രാര്‍ത്ഥനയും കണ്ണീരും ഉണ്ടെന്നു.ആകാശത്തേക്ക് ഉയര്‍ത്തി വച്ച ആറു തോക്കുകളില്‍ നിന്നും മൂന്നു റൗണ്ട് വെടിയൊച്ച.മതി.എന്‍റെ രാജ്യത്തിന്‌ വേണ്ടി ഞാന്‍ എന്നെ അര്‍പ്പിക്കുന്നു. ചിതയില്‍ കിടത്തിയ എനിക്ക് മുന്നില്‍ നീട്ടിവച്ച ജ്വലിക്കുന്ന പന്തവുമായി മകന്‍.. ... എരിയുന്ന തീനാളങ്ങള്‍ അവനില്‍ ഞാന്‍ കണ്ടു , നാളെയുടെ കരങ്ങള്‍ . . . .അതിര്‍ത്തികളേയും നമ്മുടെ ജനതയെയും അമ്മയുടെ ഉടുവസ്ത്രം പോലെ കാക്കുക. ജയ് ജവാന്‍ . ജയ് ഹിന്ദ്‌.!!!
ഏവര്‍ക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍
 

                                                                                     - സഹയാത്രികൻ 
                                                                       യദുകൃഷ്ണൻ
 കാലം മറന്ന പ്രണയം 
തൃസന്ധ്യതന്‍ പ്രകാശം നിലവിളക്കുപോല്‍ ,
തിളങ്ങി നിന്നു നിന്‍ മിഴിയിണകളില്‍‍
നീ തന്ന പുഷ്പങ്ങളി‍ല്‍ മറ്റാരും കാണാതെ ‍ ,
മയങ്ങികിടന്നു സൌരഭ്യമായ് സ്വപ്‌നങ്ങള്‍
ഇടതൂര്‍ന കാര്‍കൂന്തലിന്‍‍ തുമ്പിലായ്‌
തുളുമ്പി നിന്നു ചെറു ജലകണങ്ങള്‍ .
ലയിച്ചു ചേര്‍ന്ന നിമിഷങ്ങള്‍ ബാക്കിനിര്‍ത്തി ,
പോകാന്‍ മടിച്ചു നിന്ന മിഴിനീര്‍കണങ്ങള്‍
ഒരുനാഴികക്കപ്പുറം പടിപ്പുരയില്‍ തനിച്ചിരിക്കെ
മണ്ണില്‍,കാല്‍പാടുകളില്‍,വിതുമ്പി കിടന്നു തുളസിക്കതിര്‍‍ . .
അവയില്‍‍ ബധിരമായ മോഹങ്ങളുടെ പാദസ്വരങ്ങള്‍
ഇരുള്‍ പടര്‍ന്ന ഇടനാഴികള്‍,അവിടെ ,
എങ്ങോ വാചാലമായ തേങ്ങലും നിശ്വാസവും
പകര്‍ന്നു നല്‍‍കിയ തിരുവോണ മാധുര്യതിന്‍,
നിഴലുകള്‍ പൂമുഖത്തു ചിതറിയ പൂക്കളമായി.
കാലം കടന്ന വഴികളില്‍ ഒരുപിടി തുംബയുമായ്,
കാത്തിരിക്കാം പൂത്തുലയുന്ന വസന്തത്തിനായ് ..

                                                                                                  -സഹയാത്രികന്‍ 
                                                                                                     യദുകൃഷ്ണന്‍

ഇരുളിൽ മറഞ്ഞ സന്ധ്യ, എന്നും എന്റെ മൌനത്തെ ഓർമകളുടെ ജ്വാലയിലെക്കു  വലിച്ചെറിയുന്നു. ആരുമറിയാതെ പെയ്തൊഴിഞ്ഞ നിലാമഴ..എന്തോ പറയുവാൻ ആഗ്രഹിച്ചു.. ഹൃദയത്തിന്റെ താളപ്പിഴകളിൽ അവ അലിഞ്ഞു തീർന്നു .നിൻറെ  നിശ്വാസങ്ങൾ  ഓർമകളെ  വാചാലതയിലേക്ക്  വഴിമാറ്റി . വിടപറയുന്ന ഈ നിമിഷം, ജീവിതം ഇനിയും ബാകി നില്കുന്നു.നിന്റെ മിഴികളിൽ വീണുടഞ്ഞ എന്റെ മോഹങ്ങൾക്  ഇന്ന് ചിറകുകൾ നഷ്ടപെട്ടു .ഇനിയും മറവി എനിക്ക് അന്ന്യമായ് തന്നെ തുടരുന്നു. പലതും മറക്കുവാനും...ഒന്നും മറയ്ക്കുവാതിരിക്ക്യാനും  ഇതാ ശൂന്യതയിലേക്ക് ഒരു സ്പന്ദനം കൂടി..
പ്രണയത്തിന്റെ നോവില്‍ തിരിച്ചറിഞ്ഞ സത്യങ്ങളുടെയും യാഥാര്ത്യങ്ങളുടെയും അനുഭവമെന്ന തീജ്വാല, പ്രണയമെന്ന പനിനീര്‍പൂവിന്റെ മുള്ളുകള്‍ തന്നെ വേദനയെക്കാള്‍ ഉപരി കാഴ്ചകള്‍ക്ക് കരുത്തും ജീവിതത്തിനു കരുതലും നല്‍കി... 
വഴിത്താരകള്‍ ഒഴിഞ്ഞു.കാലം പിന്നോട്ട് പോയി തുടങ്ങി.തിരിച്ചറിവുകള്‍ തിരമാലകളായി മനസ്സില്‍ അലയടിക്കുന്നു. മോഹങ്ങളും പ്രതീക്ഷകളും സ്വപ്നമെന്ന മൂടുപടമാനെന്നു മനസ്സിലാക്കാന്‍ വൈകി.ഇനിയൊരു കാത്തിരിപ്പിനു വേദിയില്ല. ജീവിതമെന്ന ആഗ്രഹങ്ങളുടെയും ആസക്തികളുടെയും പരീക്ഷണത്തെ തെല്ലും പരിഭവമില്ലാതെ , നിറഞ്ഞ മനവും വിടര്‍ന്ന മിഴികളുമായി നേരിടാന്‍ ഒരുങ്ങുന്നു.വൈകിയിട്ടില്ല,... 


                                                - സഹയാത്രികൻ 
                                                  യദുകൃഷ്ണൻ 

  കാലത്തിനുമപ്പുറം 
അകാലത്തിൽ പൊഴിഞ്ഞ അവന്റെ കാൽപാടുകളിലേക്ക് ...
നിസ്സഹായതയോടെ നോക്കിയ നീല മിഴികൾ ..
നീർത്തടങ്ങൾ തുടയ്ക്കാൻ ശ്രമിക്കവേ...
മനസ്സിലെ നീർച്ചാലുകൾ വിങ്ങി തുടങ്ങിയിരുന്നു.
കുഞ്ഞിളം സൂര്യൻ ഉദിച്ചു നിന്ന മുഖം..
കരിനീല കാർമേഖതാൽ  മൂടപെട്ടു ..
ഓരോ തുടിപ്പുകളിലും...ആർദ്രമായ  ശബ്ദം അവൾ തിരിച്ചറിഞ്ഞു...
മിഴികളിൽ പലപ്പോഴായി എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു..
ഇനി ഞാൻ എന്റെ ജന്മം തേടട്ടെ.... 
ഓർമകളിലെ  നിശാഗന്ധി  പൂക്കളിൽ...


പ്രണയത്തിന്റെ താഴ്വരയിൽ അവർ ഒന്നിച്ചു നടന്നു.. 
കയ്കൾ  കോർത്ത്‌.. ഒരേ കാൽനടയുമായി ...വിദൂരതയിലേക്ക്..
അന്ന്, മഞ്ഞു പെയ്തിരുന്നു..ആ നെറ്റിയിൽ  
ഒരു പൂവിരിഞ്ഞതുപൊൽ പെയ്തിറങ്ങിയ തുഷാര കണങ്ങൾ..
അവരുടെ നിശ്വാസങ്ങളിൽ...ശൈത്യം പടർന്നു..

    
                                                        

                                                      - സഹയാത്രികൻ 
                                                      യദുകൃഷ്ണൻ

Wednesday 31 July 2013

"ഇന്നുവരെ കാണാതെ പോയ ആ  നിശാ പുഷ്പങ്ങൾ വിരിഞ്ഞതും പൊഴിഞ്ഞതും നിനക്ക് വേണ്ടി ആയിരുന്നു ...ഇന്ന് ഈ ജനലഴികളിലൂടെ നോക്കുമ്പോൾ.. പുറത്തു പെയ്യുന്ന ചാറ്റൽ മഴ  നിന്റെ മുടിയിഴകളെ വർണിക്കുന്നതായി  എനിക്ക് തോന്നി...നനുത്ത കാറ്റ് നിന്റെ പ്രതീതിയുമായി എന്റെ ആത്മാവിലൂടെ കടന്നു പോയി..പുതുമണ്ണിൽ  പതിഞ്ഞ തുള്ളികൾ.. കാൽവയ്പുകളെ ഓർമിപ്പിച്ചു ..മനസ്സിൽ  സ്മരണകളുടെ വേലിയേറ്റങ്ങൾ,.. തുളുംബിയ മിഴിയിണകളും  വിതുമ്പിയ ഭാവങ്ങളും ഒരു വിഭ്രാന്ധിയെന്നപൊൽ  പിന്തുടരുന്നു... ആ ചിരിയിൽ ഒളിപ്പിച്ച വികാരങ്ങൾക്  ഇന്ന് ഞാൻ അടിമപ്പെടട്ടെ.. കനലായെരിഞ്ഞ നിന്റെ കണ്ണുകളിൽ ഞാൻ എന്റെ ചിതയൊരുക്കട്ടെ .. പ്രിയ സഹയാത്രികയ്ക്ക് മംഗളങ്ങൾ... "

                                                                                        - സഹയാത്രികൻ  
                                                                                         യദുകൃഷ്ണൻ

Tuesday 23 July 2013

നിത്യ ചൈതന്യം


വയ്യെനിക്കിനിയുമീ ജന്മവും പേറുവാൻ ,
മൂകമാം ഈ വഴിതാരയേറെ.. 
വിങ്ങുമീ ഹൃദയത്തിനാഴങ്ങളിൽ ,
നിന്റെ തേങ്ങലായ് തീർനൊരെൻ മോഹം..

നിന്റെ തേങ്ങലായ് തീർനൊരെൻ മോഹം ...

പടരുന്ന നിന്നൊർമ എന്നിൽ തുടിക്കുന്നു..
നിറ യൌവനത്തിന്റെ ബാക്കിപത്രം ..
കൽ വിളക്കായെന്റെ കനവിൽ പ്രകാശിച്ച ,
മുഖമിന്നു കനലായെരിഞ്ഞു ..

നിൻറെ മുഖമിന്നു കനലായെരിഞ്ഞു ....

എള്ളണ്ണ തൻ ഗന്ധമേകി നീ നിന്നൊരാ 
ചെമ്പക പൂമരതണലിൽ ..
എന്തിനായ് ഏകനായ് ഒടുവിലായ് നിന്നു ഞാൻ ,
നിശ്വാസം ഒന്നെനിക്കെകാൻ ...

നിന്റെ നിശ്വാസം ഒന്നെനിക്കെകാൻ... 

എങ്ങുപോയ് എങ്ങുപോയ് എൻ ജീവ ചലനവും 
അന്ന്യമായ് നിൻ നിഴൽ പോലും.

എനിക്കന്ന്യമായ് നിൻ നിഴൽ പോലും ..

അകലുന്ന ജീവന്റെ ചൈതന്ന്യമേ ..നിന്നിൽ 
അണയട്ടെ ധന്യനായ് ഞാനും ...

നിന്നിൽ അണയട്ടെ ധന്യനായ് ഞാനും ...

                                             - സഹയാത്രികൻ